March 7, 2011

പുലരി തേടി

ഒരു വലിയ ദുരന്തത്തിന്റെ ഓര്‍മ്മകളുമായി ഞാന്‍ വീണ്ടും ആ കാംപസ്സിന്റെ പച്ചപ്പിലിരുന്നു ചുറ്റും കണ്ണോടിച്ചു

ഗെയ്‌റ്റുകടന്നുവരുന്ന ഭീമന്‍ നിഴലുകള്‍
ചുറ്റും പൊട്ടിച്ചിരികളും വളകിലുക്കങ്ങളും

"ഹയ്.. രാജ്.. ഹൌ ആര്‍ യു..."

"ഫൈന്‍..."

"നീ ഇന്നലെ അയച്ച മെസേജ് നന്നായിരുന്നു"

"എനിക്ക് പോകാന്‍ തിടുക്കമുണ്ട്, വൈകിട്ട് ചാറ്റ്‌റൂമില്‍ കാണാം"

സൌഹൃദത്തിന്റെ പരമ്പരാഗത ശാസ്ത്രം അസ്തമിച്ചിരിക്കുന്നു. എല്ലാം എസ് എം എസ്സില്‍ അവസാനിപ്പിച്ച് ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്ന പുത്തന്‍ തലമുറ...

മനുഷ്യത്വത്തിന്റെ അംശങ്ങള്‍ നഷ്ടപ്പെട്ട ഭൂതകാല ഓര്‍മ്മകളിലേക്ക്, ജീര്‍ണ്ണതയുടെ ആഴിയിലേക്ക് ഞാന്‍ മെല്ലെ വഴുതി വീണു

കാംപസ്സിന്റെ കോണുകളില്‍ അഹങ്കാരത്തോടെ ഞാന്‍ നടന്നു. ആരെയും വകവയ്ക്കാതെ എല്ലാം എന്റെ കൈപ്പിടിയില്‍ എന്നു ഞാന്‍ വിശ്വസിച്ചു.

കോളേജ് തെരഞ്ഞെടുപ്പു വന്നു

എനിക്കെതിരേ മത്സരിച്ചത് ആന്റോ പി ജെയിംസാണ്. എന്റെ വിജയം സുനിശ്ചിതമാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

ഇലക്ഷന്‍ കഴിഞ്ഞു

അന്ന് പതിവിലും നേരത്തേ ഉണര്‍ന്നു
പത്രത്താളുകള്‍ അരിച്ചുപെറുക്കി കോളേജിലേക്ക്

ഇലക്ഷന്‍ റിസള്‍ട്ട് കേട്ടുകൊണ്ടാണ് കാംപസില്‍ കാലു വച്ചത്
നൂറ്റി അറുപത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആന്റോ ജയിച്ചിരിക്കുന്നു

കാംപസിലെങ്ങും ആഹ്ളാദത്തിന്റെ അലയൊലികള്‍

എന്നിലെ വിദ്വേഷത്തിന്റെ തീനാളങ്ങള്‍ ആളിക്കത്തി.
അരയില്‍ തിരുകിയ കത്തിയിലെത്താന്‍ എന്റെ കരത്തിനു ശരവേഗമായിരുന്നു
ആന്റോയുടെ ഹൃദയത്തില്‍ അതിനു വിശ്രമം നല്‍കി

കറപുരളാത്ത ഖദറില്‍ ചുടുനിണം ചിത്രം രചിച്ചു

കാംപസിലെങ്ങും പരിഭ്രാന്തി പരത്തി എന്നിലെ പ്രതിഷേധാഗ്നി കൊടും ക്രൂരത നടത്തി
കൈവിലങ്ങുകളുമായി കാംപസിനു പുറത്തേക്ക്

നീണ്ട പതിനാലു വര്‍ഷങ്ങള്‍......

കാംപസിന്റെ പച്ചപ്പിലിരുന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി ആകാശത്തിലേക്കു നോക്കി

വെള്ളിത്തരികള്‍ ചിതറിയ ആകാശത്തില്‍ ആന്റോയുടെ പുഞ്ചിരിപൂണ്ട മുഖം തിളങ്ങിനില്‍ക്കുന്നതായി എനിക്കു തോന്നി.

ആന്റോ എന്നോടു ക്ഷമിച്ചിട്ടുണ്ടാവണം...

അതു തിരിച്ചറിഞ്ഞാവണം എന്നില്‍ അറിയാതെ ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നത്

മെല്ലെ അര്‍ക്കരശ്‌മികള്‍ക്ക് ചൂടു കൂടുന്നത് ഞാനറിയുന്നു

കാംപസ്സിനു വലംവച്ച് വൈരുദ്ധ്യങ്ങളുടെ ലോകത്തേക്ക് ഞാന്‍ വീണ്ടും.....